ഓർമ്മയിൽ ഒരു ദിവസം
- Perooseril Sasikumar
- Dec 2, 2023
- 5 min read
1980 മെയ് 3. ആദ്യ വർഷത്തെ ക്ലാസുകൾ തീർന്ന് കോളേജടച്ചിട്ട് ദിവസം മൂന്ന് കഴിഞ്ഞിരിക്കുന്നു. ഇന്നേതായാലും നാട്ടിലേയ്ക്ക് പോയേക്കാമെന്ന് കരുതി ഹോസ്റ്റലിൽ തങ്ങിയിരിക്കയാണ്.ടും .ടും.ടും.... കതകിൽ തുടരെത്തുടരെയുള്ള മുട്ട് കേട്ടുകൊണ്ടാണ് ഞാനുണർന്നത്. സമയം സന്ധ്യ മയങ്ങിയിരിക്കുന്നു. പുറത്ത് മഴ അതിഗംഭീരമായി ചെയ്തു കൊണ്ടിരിക്കുന്നു. സാവധാനം എഴുന്നേറ്റ് ചെന്ന് ലൈറ്റ് ഓൺ ചെയ്തു. നാശം! കറണ്ടും പോയിരിക്കുന്നു."ഏഴു മണിയായിട്ടും എഴുന്നേക്കാറായില്ലേ?" പുറത്തു നിന്നുള്ള ആരുടെയോ കമൻ്റ് കേട്ടുകൊണ്ടാണ് കതക് തുറന്നത്. " പുലിയാണ്". പേടിക്കേണ്ട ! ഹോസ്റ്റലിലെ ഓമനപ്പേരായ പുലി യെന്നറിയപ്പെടുന്ന സാക്ഷാൽ വിനോദ് സി പുലിക്കോടനാണ്. കത്തിത്തീരാറായ ഒരു കഷണം മെഴുകുതിരിയുമായിട്ടാണ് നിൽപ്പ്. അതോ എങ്ങാട്ടൂന്നും ഓസിയതും.എടാ.. മെസിനു പോവേണ്ടേ? നിൻ്റെ പൂഞ്ഞാർ ബസ് പോകും. ശരിയാണ് മെസിനു പോണം. പത്തേകാലിനാണ് ബസ്.സാധനങ്ങളാന്നേൽ ഒന്നും പായ്ക്ക് ചെയ്തിട്ടു പോലുമില്ല. ഷർട്ടുമെടുത്ത് മുറിയും പൂട്ടി പുറത്തുവന്നപ്പോഴേയ്ക്കും എവിടുന്നോ സംഘടിപ്പിച്ച ഒരു കുടയുമായി ആക്ടിംഗ് HS കമറുദ്ദീനും വന്നു.(യഥാർത്ത ഹോസ്റ്റൽ സെക്രട്ടറി സ്ഥലത്തില്ലാത്തതിനാൽ ശ്രീമാൻ ചാർജേറ്റെടുത്തിരിക്കയാണ്) അങ്ങനെ ഞങ്ങൾ മൂവരും ആ കാലൻക്കുടയിൽ, ഇടിമിന്നലിൻ്റെ നേരിയ വെളിച്ചത്തിൽ മെസ് കഴിക്കാനായി ഉമ്മായുടെ കടയിലേയ്ക്ക് പോയി.( ഹോസ്റ്റലിൽ മെസ് ഇല്ലാത്തിനാൽ ഞങ്ങൾ പ്രത്യേകമായി അടുത്തുള്ള ഒരുമ്മായുടെ വീട്ടിൽ ആഹാരത്തിനുള്ള ഏർപ്പാടാക്കിയിരിക്കയാണ്). മെസ് കഴിഞ്ഞ്, നാളെ മുതൽ എനിക്കാഹാരം വേണ്ടെന്നു പറഞ്ഞപ്പോഴാണ് ഞാൻ നാട്ടിലേയ്ക്ക് പോകുന്ന വിവരം ഉമ്മയറിഞ്ഞത്. കാലാവസ്ഥയുടെ കാഠിന്യം കൊണ്ടാവാം ഉമ്മായും ''ഛോട്ടാ " യെന്നു മാത്രം വിളിക്കാറുള്ള വിമുക്തഭടനായ ബാപ്പായും നാട്ടിലേയ്ക്ക് ഇന്ന് പോവേണ്ടന്ന് ആവർത്തിച്ച് പറഞ്ഞത് ഏതായാലും ഞാൻ അന്ന് പോരുവാൻ തന്നെ തീരുമാനിച്ചു.മുതിർന്നവർ പറഞ്ഞതനുസരിച്ചിരുന്നെങ്കിൽ അങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. വരാനുള്ളത് വഴിയിൽ തങ്ങില്ല. അതാണനുഭവം.
അന്നു തന്നെ , ഞാനും എന്നെ യാത്രയാക്കാൻ വന്ന സുഹൃത്തും കൂടി പെട്ടിയും ബാഗുമെല്ലാമായി റോഡിലെത്തിയപ്പോഴേയ്ക്കും ഭാഗ്യത്തിന് ആ പെരുമഴയത്തും ഒരോട്ടോ കിട്ടി. ആകെപ്പാടെ നനഞ്ഞ് ഒമ്പതരയായപ്പോഴേയ്ക്കും KSRTC സ്റ്റാൻ്റിലെത്തി ബസിനു വേണ്ടിയുള്ള കാത്തു നില്പാരംഭിച്ചു.കണ്ണൂർ ജില്ലയിൽ ,കർണാടകാ ബോർഡറിലുള്ള രാജഗിരിയിൽ നിന്നും വരുന്ന ബസാണ്.പൂഞ്ഞാറിലെത്തുമ്പോൾ രാവിലെ 6 മണിയാകും. പെരിന്തൽമണ്ണയിലാണ് ഡ്രൈവറും കണ്ടക്ടറും മാറുന്നത്. വണ്ടിയെത്തിയാൽ ഒരു മണിക്കൂർ നേരത്തെ പതിവ് ചെക്കിംഗിന് ഗാരേജിലേയ്ക്ക് കൊണ്ടു പോകും.പത്തേകാലിന് പുറപ്പെടേണ്ട വണ്ടിയാണ്. സ്റ്റാൻ്റിലെത്തിയപ്പോൾ തന്നെ പന്ത്രണ്ടരയായി..
ആ സമയത്താണ് ഒരു ലോഡ് കമ്പിയുമായി ഒരു പാണ്ടി ലോറി സ്റ്റാൻ്റിലേയ്ക്ക്, ഓവർ സ്പീഡിൽ ഓടിച്ചു കയറ്റിയത്. ഡ്രൈവർ ലോറി തിരിക്കാനുള്ള ഭാവമാണ്. അപ്പോൾ തന്നെ രണ്ട് സെക്യൂരിറ്റി ക്കാർ ഡ്രൈവറെയും കൂടെയുണ്ടായിരുന്നവനേയും പിടിച്ച് താഴെയിറക്കി.തമിഴന്മാരാണ് .കള്ളടിച്ചിട്ടാണോടാ വണ്ടിയോടിക്കുന്നതെന്ന് ചോദിക്കുന്നതും കേട്ടു.പാലക്കാട്ടു നിന്നും കോഴിക്കോടിനു പോകേണ്ടവരാണ്.തമിഴന്മാരായതുകൊണ്ടാവാം, നമ്മുടെ സെക്യൂരിറ്റി ക്കാർ മ ല യാ ള ത്തി ൽ നല്ല നാടൻ സാഹിത്യം അക്ഷര പിശകില്ലാതെ ചൊല്ലി വഴിയും പറഞ്ഞു കൊടുത്ത് യാത്രയാക്കിയത്. മൂട്ട യുടേയും, കൊതുകിൻ്റേയും കടി സഹിച്ചുള്ള ബെഞ്ചിലെ ആ ഇരുപ്പ് അവസാനിച്ചത് രണ്ട് മണിയോടു കൂടി ഗാരേജിലെ നമ്മുടെ ബസിന് ജീവൻ വെച്ചപ്പോഴാണ്.
ദേവേന്ദ്രന് അല്പം അനുകമ്പ തോന്നിയിട്ടാണോ എന്തോ, വാഹനം യാത്രയ്ക്ക് തയ്യാറായി സ്റ്റാൻ്റിൽ പിടിച്ചപ്പോൾ മഴയ്ക്ക് ചെറിയൊരു ശമനമുണ്ടായി. ബോർഡ് വെയ്ക്കാൻ ഉള്ള ഡ്രൈവറുടെ പ്രാരംഭ നടപടി തുടങ്ങിയപ്പോഴാണ്, അവിടെയുണ്ടായിരുന്ന ജനത്തിന് ആകെപ്പാടെ ഒരിളക്കമുണ്ടായത്. ആ ഇളക്കത്തിൻ്റെ റിയാക്ഷൻ മൂലമാണോ എന്തോ ചെറിയൊരു ഞെട്ട ലെനിക്കുണ്ടായെങ്കിലും ധൈര്യം വിടാതെ ആ ഇടി കൂട്ടത്തിൽ ഞാനും ഒരംഗമായി.
കൂപ്പൺ നേരത്തെ എടുത്തു പിടിച്ചിരുന്നതുകൊണ്ടു മാത്രമാണ് അവസാനത്തെ ആളായിട്ട് കണ്ടക്ടർ എന്നെയും അകത്ത് കടത്തിയത്.അങ്ങനെ രണ്ടര മണിയോടുകൂടി് പൂഞ്ഞാർ ബസ് ഡബിൾബെല്ലടിച്ച് സ്റ്റാൻഡ് വിട്ടു. മുകളിലത്തെ കമ്പിയിൽ കഷ്ടിച്ച് മാത്രം കൈയെത്തുന്നതു കൊണ്ട് വണ്ടി ഗട്ടറിൽ വീഴുമ്പോഴുണ്ടാകുന്ന എൻ്റെ "സീസാ "കളി ചുറ്റും നിൽക്കുന്നവർക്ക് തീരെ പിടിക്കുന്നില്ലെന്ന് അവരുടെ രൂക്ഷമായനോട്ടത്തിൽ നിന്നറിയാം. ടിക്കറ്റെടുക്കാനായി മേൽക്കമ്പിയിലെ ടച്ചിംഗ്സ് വിട്ട് മൂന്നഞ്ചുരൂപാ നോട്ടുകൾ പോക്കറ്റിൽ നിന്നെടുത്തു കഴിഞ്ഞപ്പോഴാണ് നേരിയൊരാശ്വാസം വന്നത്. എൻ്റെ ബദ്ധപ്പാട് കണ്ടതുകൊണ്ടാവണം എൻ്റെ സമീപത്തെ സീറ്റിലെ കാരണവർ എനിക്കൊരല്പം സ്ഥലം തന്നത്. സൂചി കുത്താനിടമില്ലാത്ത വണ്ടിയിൽ, നനഞ്ഞ് കുതിർന്ന യാത്രക്കാർക്കിടയിലൂടെ ആ പാതിരാത്രിയിൽ ടിക്കറ്റെടുക്കുന്ന കണ്ടക്ടറുടെ ക്ഷമയും സഹനവും, തൊണ്ണൂറ് പൈസയ്ക്ക് മൂന്നാം ക്ലാസ് ടിക്കറ്റെടുക്കാൻ ജഹനറയിലെ കുടുസു വഴിയിലൂടെ മുന്നേറുന്ന രംഗമാണെന്നേ ഓർമ്മപ്പെടുത്തിയത്.ആ ക്ഷമയും സഹനവും പരീക്ഷിക്കപ്പെടുന്ന പ്രവൃത്തിയല്ലേ ഞാൻ ചെയ്തത് . ടിക്കറ്റെഴുതി തന്നതിനു ശേഷം, ഞാൻ കൊടുത്ത നോട്ട് അല്പം മുമ്പോട്ടായി, മുകളിലേയ്ക്ക് നീട്ടിപ്പിടിച്ചൊന്ന് നോക്കിയിട്ട് ആരാണെങ്കിലും ഇങ്ങനെയൊക്കെ തന്നെ മൊഴിഞ്ഞു പോകും." ഇതു പോലെയുള്ള കുറെ യവന്മാരുണ്ട്, രാത്രിയായാൽ നമ്മുടെ കണ്ണിൽ പൊടിയിടുവാനായിട്ട് ഇറങ്ങിക്കോളും, ഇവന്മാരെയൊക്കെ അപ്പോഴെ പിടിച്ച് പുറത്താക്കുകയാണ് വേണ്ടത്
ഈ വർത്തമാനം കേട്ടതുകൊണ്ടാണ് വണ്ടിയിലെ ആകെ മൊത്തം കണ്ണുകളും എൻ്റെ നേരെ തുറിച്ചു വന്നത്. സത്യത്തിൽ അപ്പോളാണ് മുകളിലേയ്ക്ക് പൊക്കിപ്പിടിച്ചിരുന്ന ആ നോട്ടിലേയ്ക്ക് എൻ്റെ കണ്ണ് ചെന്നത്. പ്ലാസ്റ്റർ ഒട്ടിച്ച ,നെടുകെ കീറിയ ഒരഞ്ചു രൂപാ നോട്ട്. വലിയ നോട്ട് കൊടുത്താലുള്ള കണ്ടക്ടർമാരുടെ നോട്ടത്തെ ഭയന്നാണ് സത്യത്തിൽ ആകെയുണ്ടായിരുന്ന നൂറ് രൂപാ നോട്ട് ഒരു പരിചക്കാരൻ്റെ കടയിൽ നിന്നും ചില്ലറയാക്കിയത്. സൌഹൃദത്തിന് കോട്ടം തട്ടേണ്ടന്ന് കരുതിയാണ് കിട്ടിയ തപ്പാടെ മടക്കി പോക്കറ്റിലിട്ടത്. അറിയാതെ പറ്റിയ താന്നെന്ന് പറയാൻ മനസ്സിൽ തോന്നിയെങ്കിലും വാക്കുകളൊന്നും പുറത്തു വന്നില്ല. എന്നെ പേടിപ്പിച്ചു കളഞ്ഞ കുറെ തുറിച്ച കണ്ണുകളായിരുന്നു കാരണം. വേഗം തന്നെ വേറൊരു നോട്ട് കൊടുത്ത് എൻ്റെ അഭിമാനത്തിനെ മുറിവേൽപിച്ച സാധനം തിരികെ വാങ്ങിയെങ്കിലും, ആ തുറിച്ച കണ്ണുകളെല്ലാം പുഛ ഭാവത്തിലേയ്ക്ക് മാറിയപ്പോൾ സത്യത്തിൽ കരയണമെന്ന് തോന്നിപ്പോയി.ഉമ്മായുടെ വാക്കു കേൾക്കാതെ തന്നിഷ്ടത്തിനിറങ്ങി പുറപ്പെട്ടതല്ലേ, അനുഭവിക്കണം. ആ പെരുമഴയത്ത്, സ്റ്റാൻഡിലെത്തി, ബസ് ലേറ്റാണെന്ന് കേട്ടപ്പോൾ തുടങ്ങിയ ഭയപ്പാടാണ്. അത് കൂടിക്കൂടി വരുന്നു.
ഞാൻ വരുമെന്നറിയാമെന്നതുകൊണ്ട്, പൂഞ്ഞാർ ബസും കാത്ത് വഴിയിൽ അച്ഛൻ രാവിലെ അഞ്ചര മണിക്കു തന്നെ വന്ന് നിൽക്കുമെന്നുറപ്പ്. മൂന്ന് കിലോമീറ്റർ നടന്നു വേണം വഴിയിലെത്താൻ.നാലു മണിക്കു തന്നെ അമ്മ എഴുന്നേറ്റിട്ടുണ്ടാവും. അതമ്മയുടെ ശീലമാണ്. രാവിലെ തന്നെ എന്തെങ്കിലും കഴിക്കാനുണ്ടാക്കും. അച്ഛനെ എന്തെങ്കിലും കഴിപ്പിച്ചിട്ടേ വിട്ടിട്ടുണ്ടാകു. വെളുപ്പിനെ ഞാൻ വീട്ടിലെത്തിയാൽ അമ്മ സ്ഥിരം പറയുന്നതാണ്, "എടാ ലേശം ചോറ് കഴിക്കടാ, എങ്കിലേ ഒരു ബലമുള്ളു" ന്ന്. ഹോസ്റ്റലിലെ ബ്രേക്ക് ഫാസ്റ്റൊന്നും വീട്ടിൽ കിട്ടില്ല. സീസണനുസരിച്ച് കപ്പയോ, ചക്കയോ ആവും. ഓഫ് സീസണിൽ ഒണക്കക്കപ്പ അല്ലേൽ ഒണക്കച്ചക്ക. ഒന്നുമില്ലേൽ ചേന, ചേമ്പ്, കാച്ചിൽ ഇത്യാദി സാധനങ്ങളായിരിക്കും. രാവിലെ തന്നെ ഒരു പ്ലേറ്റ് ചോറുണ്ണുന്നവരുമുണ്ട്..ഹൈറേഞ്ചിലെ നാട്ടുമ്പുറത്ത് ഇങ്ങനെയൊക്കെ തന്നെയാണ്. പറമ്പിൽ തൂമ്പ കി ളയ്ക്കണമെങ്കിൽ നല്ല ബലം വേണം. ഹോസ്റ്റലിൽ വന്നതിനു ശേഷമാണ് ഇഡലി, ദോശ ഒക്കെ ശീലമാക്കുന്നത്. ഓരോന്നോർത്തോർത്ത് ഒന്നു മയങ്ങിപോയോ?.....
പെട്ടെന്നൊരു സഡൻ ബ്രേക്കിലാണ് എൻ്റെ ബാലൻസ് തെറ്റിയത്.വീണില്ലന്നേയുള്ളു. മയക്കത്തിൽ നിന്നും പെട്ടെന്നുള്ള ആ ഞെട്ടൽ മാറിയപ്പോഴാണത് കണ്ടത് .മുട്ടീ മുട്ടിയില്ല എന്ന പോലെ മുന്നിലൊരു വണ്ടി. ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റാൽ കുറെ സെക്കൻ്റുകൾ ഒന്നും ചെയ്യാതെ വെറുതെയിരിക്കണം. ഇല്ലേൽ അബദ്ധത്തിൽ ചെന്ന് പെ ടുമെന്നുറപ്പ്. വണ്ടിയിലിരുന്നുറ ങ്ങി ഞെട്ടിയുണർന്ന് സ്റ്റോപ്പായെന്നു കരുതി ചാടിയിറങ്ങി നോക്കീട്ട് നല്ല ബോധം വരുമ്പോഴെ അറിയു ഇനിയും കിലോമീറ്ററുകൾ നടക്കാനുണ്ടെന്ന്. മുന്നിലെ വണ്ടിയിൽ നിന്നാളുകൾ ഇറങ്ങി മുന്നോട്ടോടുന്നു. എൻ്റെ വണ്ടിയിൽ നിന്നും ആളുകൾ ഇറങ്ങി പോകുന്നുണ്ട്. മുമ്പിലെന്തോ ഒന്ന് സംഭവിച്ചിരിക്കുന്നു. തീർച്ച! ഞാനുമിറങ്ങി.ഒരു റെയിൽവേ ഗേറ്റാണ്. മെല്ലെ മുന്നോട്ട് ചെന്നു നോക്കിയപ്പോൾ കണ്ട കാഴ്ച യിൽ ഞാൻ അറിയാതെ വിളിച്ചു പോയി .... എന്നുമ്മാാാാ ! ! !
ഭയാനകമായൊരു കാഴ്ചയായിരുന്നൂ അത്. ആരുടെയൊക്കെയോ നിലവിളിയും കേൾക്കുന്നുണ്ട്.ഒരു ലോറി റെയിൽവേ ഗേറ്റിലിടിച്ച് ഏതാണ്ട് മറിഞ്ഞൂ മറിഞ്ഞില്ല എന്ന പോലെയൊരു സീനായിരുന്നൂ എൻ്റെ മുന്നിൽ . ഏതാനും നിമിഷങ്ങൾക്ക് മുന്നേയുണ്ടായ അപകടം. അടുത്തുചെന്നപ്പോഴാണ് മനസ്സിലായത്. കള്ളുകുടിച്ചാന്നോടാ വണ്ടിയോടിക്കുന്നതെന്ന് ചോദിച്ച് ,കോഴിക്കോട്ടേക്കുള്ള വഴിയും പറഞ്ഞു കൊടുത്ത് സെക്യൂരിറ്റിക്കാർ വിട്ട അതേ പാണ്ടി ലോറി.പക്ഷേ ഓടിക്കൊണ്ടിരുന്നതോ തൃശൂർക്കും.വാർക്കക്കമ്പികളായിരുന്നു ലോറിയിൽ. കമ്പികളൊക്കെ ചുറ്റും ചിതറിക്കിടക്കുന്നു. ഇടിയുടെ ആഘാതത്തിൽ കുറെയൊക്കെ കാബിനിലേയ്ക്ക് തറഞ്ഞു കയറിയിട്ടുണ്ട്. അതിനിടയിലായി ഡ്രൈവറും കിളിയും ഏതാണ്ടബോധാവസ്ഥയിൽ. റെയിൽവേ ജീവനക്കാരും നാട്ടുകാരുമൊക്കെ കൂടി കാബിനൊക്കെ തല്ലിപ്പൊളിച്ച് രണ്ടുപേരെയും പുറത്തെടുത്തു.ഗുരുതരമായ പരിക്കുകളാണ്. അടുത്തു കിടന്ന കാറിൽക്കയറ്റി രണ്ടു പേരെയും ഏതോ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. അന്ന് കണികണ്ടവനെ ഞാൻ വീണ്ടും വീണ്ടും ശപിച്ചു.
ഏതാണ്ടൊന്നര മണിക്കൂറിനു ശേഷമാണ് വണ്ടി വീണ്ടും ഉരുണ്ടു തുടങ്ങിയത്. നേരം വെളുത്തതിനു ശേഷമാണ് വണ്ടി പെരുമ്പാവൂരെത്തിയത്.പല പല സ്റ്റോപ്പുകളിലായി ആളുകൾ കയറുന്നു, ഇറങ്ങുന്നു. സത്യത്തിൽ ഇപ്പോൾ വലിയ തിരക്കൊന്നുമില്ല. പക്ഷേ ആ ലോറി കണ്ടതിനു ശേഷം ഇതേ വരെ എനിക്കൊന്ന് മയങ്ങാൻ പോലും പറ്റിയിട്ടില്ല. ആറ് മണിക്ക് പൂഞ്ഞാറിലെത്തേണ്ട വണ്ടിയാണ്. ഇപ്പോൾ പെരുമ്പാവൂർ ബസ്സ്റ്റാൻഡിലെ കാൻ്റീനോട് ചേർന്ന് പാർക്ക് ചെയ്തിരിക്കയാണ്. പതിനഞ്ച് മിനിട്ട് സമയമുണ്ട്. ഡ്രൈവർക്കൊന്ന് ഫ്രഷ് ആകാനുള്ള സമയമാണ്. ചായവേണ്ടവർക്ക് കുടിയ്ക്കാമെന്ന് കണ്ടക്ടർ വിളിച്ചു പറഞ്ഞു. സത്യത്തിൽ ആ ബ്രേക്ക് എനിക്കത്യാവശ്യമായിരുന്നു. താഴെയിറങ്ങി, മുഖമൊന്ന് കഴുകി, മൂത്രമൊഴിച്ചു,, ഡബിൾ സ്ട്രോംഗായൊരു ചായയും കുടിച്ചു. ഒരു പുതുജീവൻ വന്ന മാതിരി. വണ്ടി വിടാറായി. വിസ്തരിച്ചൊന്ന് ചാഞ്ഞിരുന്നു. മയങ്ങിപ്പോയതറിഞ്ഞില്ല.
അയ്യോ ! പോയേ..! എന്ന നിലവിളിയും മറ്റൊച്ചപ്പാടുകളുമാണെൻ്റെ ഉറക്കത്തെ വീണ്ടും ഞെട്ടിച്ചത്.. എൻ്റെ തൊട്ട സീറ്റിലെ മദ്ധ്യവയസ്കനാണ് എഴുന്നേറ്റ് നിന്ന് നിലവിളിക്കുന്നത്. കൂടെ ഒരു സ്ത്രീയും രണ്ടു കുട്ടികളുമുണ്ട്.നിലവിളിയോടെത്തന്നെ എൻ്റെ തലയ്ക്ക് മീതെ കൈയിട്ട് ബല്ലടിച്ചു. വണ്ടി നിന്നു
വീണ്ടും യാത്രക്കാരുടെ തുറിച്ച കണ്ണുകൾ ഞാൻ കണ്ടു. പക്ഷേ ഇപ്പോളത് അന്ധാളിപ്പോടെയായിരുന്നു. ഇപ്പോൾ അയാൾക്കൊപ്പം ആ സ്ത്രീയും കുട്ടികളും കരയുന്നുണ്ട്. ആർക്കും ഒന്നും മനസിലായില്ല. എൻ്റെ പിൻസീറ്റിലിരുന്ന കണ്ടക്ടർ ചാടിയെഴുന്നേറ്റ്, രണ്ട് കൈയും കൊണ്ടയാളുടെ തോളത്തു പിടിച്ചു. അയാൾ പറഞ്ഞ പ്രകാരം..... ഭാര്യയും മക്കളുമായി അങ്ങ് കണ്ണൂരിൽ നിന്നും വരികയാണ്. ഈരാറ്റുപേട്ടയ്ക്കാണ് പോകേണ്ടത്. നാളെ അനുജത്തിയുടെ കല്യാണ നിശ്ചയമാണവിടെ.ഭാര്യയുടെ ആഭരണങ്ങളും മറ്റും പണയം വെച്ച ഏഴായിരം രൂപയുമായിട്ടായിരുന്നു യാത്ര. നാളെ നിശ്ചയ സമയത്ത് ചെറുക്കന് കൊടുക്കേണ്ട സ്ത്രീധനത്തുകയായിരുന്നു. ഭദ്രമായി പൊതിഞ്ഞ് ബനിയനുള്ളിൽ വെച്ചിരുന്നതാണ്. ഇപ്പോളത് കാണാനില്ല. നാളെ തുക കൊടുത്തില്ലെങ്കിൽ ആ നിശ്ചയം മുടങ്ങും. അവൾക്ക് ഞാൻ മാത്രമേയുള്ളു. എല്ലാവർക്കും ചങ്കു കലങ്ങുന്ന ഒരു വാർത്തയായിരുന്നു അത്.ആകെപ്പാടെ ബഹളമായി... കിട്ടിയ സന്ദർഭത്തിൽ ഓരോരുത്തരും അവരുടെ വാക് സാമർഥ്യങ്ങൾ വെളിവാക്കി.
"അങ്ങനെ വിട്ടാൽ പറ്റില്ല, വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിട്"
"അതെന്തിന് ,രൂപയെടുത്തവൻ അപ്പോഴെ സ്ഥലം വിട്ടു കാണും"
"പിന്നെന്തിന് വെറുതെ മറ്റുള്ളവരുടെ സമയം മെനക്കെടുത്തുന്നു"
" ആ.. കുറെ ചൂടും ശുഷ്ക്കാന്തിയുമൊക്കെ വേണമെന്നേ "
അയാളും മറ്റു ചിലരും ചേർന്ന് വണ്ടിയ്ക്കുള്ളിലാകെയൊന്നു പരതിയെങ്കിലും ഫലമുണ്ടായില്ല. വണ്ടി സ്റ്റേഷൻ വിട്ട് എം സീ റോഡിലേയ്ക്ക് കയറിയതേയുള്ളു. വീണ്ടും തിരിച്ച് സ്റ്റാൻഡിലെത്തി. കാൻ്റീനും പരിസരവും അരിച്ചുപെറുക്കീട്ടും കാര്യമുണ്ടായില്ല.നേരത്തെയുണ്ടായ ലോറിയപകടത്തിൽ കമ്പി മാറ്റാനും മറ്റുമായി പോയപ്പോൾ നഷ്ടപ്പെട്ടിരിക്കാമെന്ന് ചിലർ പറഞ്ഞപ്പോൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ആ കുടുംബം. കണ്ടക്ടർ പറഞ്ഞതനുസരിച്ച് സ്റ്റേഷൻ മാസ്റ്റർക്കൊരു പരാതി കൊടുത്തിട്ട് വണ്ടി വീണ്ടും എം സീ റോഡിലേയ്ക്ക് പാഞ്ഞു.. വണ്ടി ഏതാണ്ടഞ്ചഞ്ചര മണിക്കൂർ ലേറ്റായിട്ടാണ് ഓടിക്കൊണ്ടിരിക്കുന്നത്. പുറത്ത് മഴ പെയ്തു കൊണ്ടേയിരിക്കുന്നു. ഏതായാലും ആ തണുപ്പിൽ വീണ്ടുമെനിക്കൊന്നു മയങ്ങാൻ സാധിച്ചു.
എല്ലാവരും സാധനങ്ങളുമായി ഇറങ്ങിക്കോളൂ, വണ്ടി ഇവിടെം വരെയേ ഉള്ളൂ.കണ്ടക്ടറുടെ വാക്കു കേട്ടാണുണർന്നത്. സമയം പത്തു കഴിഞ്ഞിരിക്കുന്നു.പുറത്തേയ്ക്ക് നോക്കി. ഓ ! പാലായിലെത്തിയിരിക്കുന്നു. ബാഗും തൂക്കി സാവകാശം പുറത്തിറങ്ങി. രാവിലെ പൂഞ്ഞാറിലെത്തിയാൽ , ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് തിരിച്ച് രാജഗിരിക്ക് വണ്ടി പുറപ്പെടുന്നത്. അപ്പോൾ തന്നെ തിരിച്ച് പാലായിലേയ്ക്ക് വണ്ടി കൊണ്ടുവരും. ഗാരേജ് പാലായിലേ ഉള്ളു.പതിവു ചെക്കിംഗ് അവിടെയാണ്. മാത്രമല്ല. ഡ്രൈവറും കണ്ടക്ടും റെസ്റ്റെടുക്കുന്നതും പാലായിലാണ്.പെട്ടെന്നൊരു ബഹളം കേട്ടാണങ്ങോട്ടു നോക്കിയത്
പൈസ നഷ്ടപ്പെട്ട കുടുംബത്തെ കാത്തു നിന്ന ബന്ധുക്കളുടെ ഒച്ചപ്പാടായിരുന്നു അത്.വീണ്ടും യാത്ര തുടരുവാനായി ഞാനും ആ കുടുംബവും മാത്രമേ ഉണ്ടായിരുന്നുള്ളു. സ്റ്റാൻ്റിൽ പുറപ്പെടാൻ തയ്യാറായി നിന്ന പൂഞ്ഞാർ ബസിൽ ക്കയറിപ്പൊക്കോളാൻ കണ്ടക്ടർ ഞങ്ങളോടായി പറഞ്ഞു. തിരക്കു കാരണം ഞങ്ങൾക്ക് വാതിലിനടുത്ത് നിൽക്കാനേ സാധിച്ചുള്ളു. ഭാഗ്യത്തിന് എൻ്റെ പ്രിയ സ്നേഹിതൻ ജോയി സ്കറിയ യെ ബസിൽ വെച്ചു കണ്ടു. പത്താം ക്ലാസുവരെ ഒരുമിച്ച് പഠിച്ചതാണ്. സമർഥനും, സ്കൂൾ ലീഡും, ആ വർഷത്തെ സ്കൂൾ ടോപ്പറും ഒക്കെയാണ്.പാലാ സെൻ്റ് തോമസ് കോളേജിലാന്നവൻ പ്രീഡിഗ്രി പഠിക്കുന്നത്. പരിചയമുള്ള പലരുമുണ്ട് വണ്ടിയിൽ. സംഭവബഹുലമായ യാത്രയേക്കുറിച്ചും, രൂപ നഷ്ടപ്പെട്ട കുടുംബത്തെക്കുറിച്ചുമൊക്കെ ഞാനവനോട് മെല്ലെ പ്പറഞ്ഞു. പൈസ നഷ്ടപ്പെട്ട വിവരം അവരിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി വണ്ടിയിലുള്ള മിക്കവരും അറിഞ്ഞു. അടുത്തു നിന്ന പരിചയക്കാർ എന്നോട് വിവരങ്ങൾ തിരക്കി. പേട്ട സ്റ്റാൻഡിലേയ്ക്ക് ഇനി ഒരു കിലോമീറ്ററേ ഉള്ളു. പോലീസ് സ്റ്റേഷനു മുമ്പിലെ വലിയ വളവിലെത്തിയപ്പോൾ ആ കണ്ണൂരുകാരൻ ബെല്ലടിച്ച് വണ്ടി നിർത്തി. എൻ്റെ കൈയിൽ പിടിച്ച് വലിച്ച് താഴെയിറക്കി. ജോയിയും രണ്ടു മൂന്ന് പേരും എൻ്റെ കൂടെയിറങ്ങി.കണ്ടക്ടർ ദ്ദേഷ്യം പിടിച്ചു വന്നു. അയാൾ കണ്ടക്ററോടായി പറഞ്ഞു. എൻ്റെ തൊട്ടടുത്ത സീറ്റിലിരുന്ന് പൂഞ്ഞാർ വണ്ടിയിൽ വന്നവനാണ്. എൻ്റെ ഏഴായിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. എനിക്കി യാളെ സംശയമുണ്ട് .പോലീസ് സ്റ്റേഷനിൽ പോയി ഇയാളുടെ ബാഗ് പരിശോധിക്കണം. ഇത് കേട്ടപാതി എൻ്റെ നല്ല ജീവൻ പോയി. എൻ്റെ മനസ്സിലൂടെ പാഞ്ഞ് പോയത് വേറൊന്നുമല്ല. വണ്ടിയിൽ പരിശോധന നടന്ന സമയത്ത് അതെടുത്തവൻ രക്ഷപെടാൻ എൻ്റെ ബാഗിലെങ്ങാനും ഇട്ടിട്ടുണ്ടെങ്കിലോ? ഇതികർത്തവ്യതാമൂഢനേപ്പോലെ നിന്ന എനിക്കു വേണ്ടി സംസാരിച്ചത് ജോയിയും കൂടെ കണ്ടക്ടറുമാണ്. നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ ? നിങ്ങടെ പൈസ പോയത് ശരിയായിരിക്കാം, പക്ഷേ ഇവനാണെടുത്തതെങ്കിൽ നിങ്ങടെ കൂടെ തന്നെ ഇവിടെ വരെ, ഇവനിങ്ങനെയാത്ര ചെയ്യുമോ? കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ കള്ളനാക്കാമോ? പരിചയക്കാരെല്ലാം തലയാട്ടി.ജോയി പറഞ്ഞു, നീ വണ്ടീലോട്ട് കേറ്. ഒരു പോലീസ് സ്റ്റേഷനിലും പോകുന്നില്ല. 'എൻ്റെ പോയ ജീവൻ തിരിച്ചുകിട്ടി .ഞാൻ വണ്ടീലോട്ട് കയറി. കണ്ടക്ടർ ബെല്ലടിച്ചു.....
ഇതെല്ലാം വളരെ പെട്ടെന്ന് നടന്ന കാര്യങ്ങൾ. എൻ്റെ തല വെട്ടം കണ്ടതുകൊണ്ട് മുന്നിൽ നിന്നും തിക്കിതിരക്കി നാട്ടുകാരനായൊരു സുഹൃത്ത് എൻ്റെ ടുത്തേയ്ക്ക് വന്നു. നീയെന്താ ഈ വണ്ടിയിൽ? നീ രാജഗിരിക്കുവരുമെന്നാണല്ലോ പാലായിൽ വെച്ച് നിൻ്റച്ചൻ പറഞ്ഞത്. നിന്നേക്കാണാഞ്ഞിട്ട് പത്തേകാലിൻ്റെ വഴിക്കടവ് ബസിൽ കേറി പുള്ളി പെരിന്തൽമണ്ണയ്ക്ക് പോയിട്ടുണ്ട്....
സത്യം.. ബസിറങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോൾ അന്ന് പേകേണ്ടന്നാ വർത്തിച്ചു പറഞ്ഞ ഉമ്മാ മാത്രമായിരുന്നെൻ്റെ മനസ്സിൽ......
Comments